Jump to content

മിസ്സിസ് കെ.എം. മാത്യു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിസ്സിസ് കെ.എം. മാത്യു
തന്റെ യാത്രാവിവരണസമാഹാര പുസ്തകത്തിന്റെ പുറംചട്ടയിലെ മിസ്സിസ് കെ.എം. മാത്യുവിന്റെ ചിത്രം
ജനനംമാർച്ച് 22, 1922
ഗോദാവരി ജില്ല,
ആന്ധ്രപ്രദേശ്
മരണംജൂലൈ 10, 2003
മറ്റ് പേരുകൾഅന്നമ്മ മാത്യു
തൊഴിൽFounder Chief Editor of വനിത
അറിയപ്പെടുന്നത്Noted author of culinary literature

മലയാളത്തിലെ സ്ത്രീകൾക്കുള്ള പ്രസിദ്ധീകരണങ്ങളിലൊന്നായ വനിതയുടെ സ്ഥാപക ചീഫ് എഡിറ്ററായിരുന്നു മിസ്സിസ്. കെ.എം. മാത്യു എന്നറിയപ്പെടുന്ന അന്നമ്മ മാത്യു (1922 മാർച്ച് 22 - 2003 ജൂലൈ 10) .മലയാള മനോരമ ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന കെ. എം. മാത്യു (1917 - 2010) ആയിരുന്നു ജീവിത പങ്കാളി.

സ്വകാര്യ ജീവിതം

[തിരുത്തുക]

ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലുള്ള പോലാവരത്താണ് മിസ്സിസ് കെ.എം. മാത്യു എന്ന അന്നമ്മ ജനിച്ചത്. മദ്രാസ് സിവിൽ സർവ്വീസിൽ ഉദ്യോഗസ്ഥനായിരുന്ന പിതാവ് ഡോ.ജോർജ് ഫിലിപ്പിന്റെ ഉദ്യോഗാർത്ഥം കുടുംബം അന്ന് അവിഭക്ത മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന പോലാവരത്തായിരുന്നു താമസം. അന്നമ്മയുടെ സ്ക്കൂൾ പഠനകാലമായപ്പോഴേക്കും പിതാവിനു മധുര,കോയമ്പത്തൂർ,തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലായി ജോലി. മധുര അമേരിക്കൻ കോളേജിലെ ഇന്റർമീഡിയറ്റ് പഠനത്തിനു ശേഷം 1942 സെപ്റ്റംബർ 7-നു ഇരുപതാം വയസ്സിൽ മനോരമ പത്രാധിപരായിരുന്ന കെ.സി.മാമ്മൻ മാപ്പിളയുടെ പുത്രൻ കെ.എം.മാത്യുവുമായുള്ള വിവാഹം.വിവാഹത്തിനു ശേഷം കർണ്ണാടകയിലെ ചിക്മഗലൂരിലേക്കായിരുന്നു.നവദമ്പതികൾ പോയത്. അവിടെ കുടുംബം‌വക തോട്ടത്തിന്റെ മേൽനോട്ടം വഹിച്ചു വരികയായിരുന്നു മാത്യു. അവിടെവച്ച് അന്നമ്മ തുളു,കന്നഡ ഭാഷകളും കർണ്ണാടകക്കാരുടെ ഭക്ഷണ രീതികളും പഠിച്ചു. എസ്റ്റേറ്റിലെ സാമൂഹിക ജീവിതം മെച്ചപ്പെടുത്താനും അന്നമ്മ നേതൃത്വം നൽകി. അഞ്ചു വർഷത്തെ കർണ്ണാടക ജീവിതത്തിനു ശേഷം അന്നമ്മ ഭർത്താവിനോടൊപ്പം 1947-ൽ മഹാരാഷ്ട്രയിലേക്കു പോയി.അടുത്ത ഏഴു വർഷം അവിടെ മുംബൈയിൽ താമസം.ഇക്കാലയളവിൽ അവർ മിസ്സിസ് ദസ്തൂറിന്റെ പാചകക്ലാസുകളിൽ പങ്കെടുക്കുകയും ഉത്തരേന്ത്യൻ പാചകത്തെപ്പറ്റി മനസ്സിലാക്കുകയും ചെയ്തു.എളിയ തോതിൽ സാമൂഹിക പ്രവർത്തനത്തിലും ഏർപ്പെട്ടു. മനോരമ പത്രത്തിന്റെ നടത്തിപ്പിൽ പങ്കാളിയാവാൻ ഭർത്താവ് തീരുമാനിച്ചതിനെ തുടർന്ന് അദ്ദേഹത്തോടൊപ്പം 1954-ൽ കേരളത്തിൽ തിരികെയെത്തി.

പാചകകല

[തിരുത്തുക]

മലയാളത്തിൽ പാചകസാഹിത്യം എന്ന ശാഖക്ക് തുടക്കം കുറിച്ചത് മിസ്സിസ് കെ.എം. മാത്യുവാണെന്നു പറയുന്നതിൽ തെറ്റില്ല.മിസ്സിസ് കെ.എം. മാത്യുവിന്റെ പാചകക്കുറിപ്പുകളുടെ പ്രത്യേകത അതിന്റെ ലാളിത്യമാണ്.

1953 മെയ് 30-നു ഗോവാ കൊഞ്ചുകറി, ഡോനട്ട്സ് എന്നീ ഇനങ്ങളെപ്പറ്റിയുള്ള പാചകവിധികൾ അന്നമ്മ മാത്യു എന്ന പേരിൽ എഴുതിക്കൊണ്ടാണ് മിസിസ് കെ.എം. മാത്യു പാചകസാഹിത്യരംഗത്ത് വന്നത്. ഭർതൃപിതാവും മനോരമ പത്രാധിപരുമായിരുന്ന കെ.സി.മാമ്മൻ മാപ്പിളയായിരുന്നു അതിനു പ്രേരണയായത് .തുടർന്ന്, മനോരമ പത്രത്തിൽ 'പാചകവിധി' എന്ന ആഴ്ചയിലൊരിക്കലുള്ള പംക്തിയിൽ തുടർച്ചയായി എഴുതിക്കൊണ്ടിരുന്ന അവർ പിന്നീട് വനിതയിലും മനോരമ ആഴ്ചപ്പതിപ്പിലും പാചകക്കുറിപ്പുകൾ എഴുതിയിട്ടുണ്ട്.

1953-ൽ പ്രസിദ്ധീകരിച്ച 'പാചകകല'യാണ് മിസ്സിസ് കെ.എം. മാത്യുവിന്റെ ആദ്യ കൃതി. ഇതു വരെ അവരുടേതായി ഇരുപതിലേറെ പാചകപുസ്തകങ്ങൾ പുറത്തു വന്നിട്ടുണ്ട്. അങ്ങനെ പാചകകലയെ ജനകീയമാക്കുന്നതിലും കേരള ഭക്ഷണവിഭവങ്ങളുടെ സ്വാദ് പുറംലോകത്തെത്തിക്കുന്നതിലും മിസ്സിസ് കെ.എം. മാത്യു വലിയ ഒരു പങ്ക് വഹിച്ചു.

പത്രാധിപർ

[തിരുത്തുക]

1975-ൽ വനിത ആരംഭിച്ച കാലം മുതൽ മിസ്സിസ് കെ.എം. മാത്യു അതിന്റെ പത്രാധിപസ്ഥാനം വഹിച്ചു.ഒരു മാസികയായി ആരംഭിച്ച വനിത 1987 മുതൽ ഒരു ദ്വൈവാരികയായി. ഇതിന്റെ ഹിന്ദിപ്പതിപ്പും മിസ്സിസ് കെ.എം. മാത്യുവിന്റെ പത്രാധിപത്യത്തിലാണ് ആരംഭിച്ചത്.

മലയാളത്തിൽ ഏറ്റവും കൂടുതൽ പാചകഗ്രന്ഥങ്ങൾ എഴുതിയതുപോലെ ഏറ്റവും കാലം ഒരു വനിതാ പ്രസിദ്ധീകരണത്തിന്റെ പത്രാധിപസ്ഥാനം അലങ്കരിച്ചതും മിസ്സിസ് കെ.എം. മാത്യുവാണ്.[1]. ആ സ്ഥാനത്തിരുന്ന് 'വനിത'യെ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള വനിതാപ്രസിദ്ധീകരണമായി അവർ ഉയർത്തി. പാചകത്തിനു പുറമേ കുടുംബപാലനം,സൗന്ദര്യസം‌രക്ഷണം തുടങ്ങിയ വിഷയങ്ങളിലുള്ള തന്റെ അറിവ് അവർ വനിതയിലൂടെ പങ്ക് വെച്ചു.

പാചകകൃതികൾ

[തിരുത്തുക]
  • പാചകകല
  • നാടൻ പാചകരമ
  • പാചക മാധുരി
  • ആധുനിക പാചകം
  • പാചക പഞ്ചമി
  • വീട്ടമ്മമാർക്കൊരു കൂട്ടുകാരി
  • പാചകനവമി
  • പാചകരത്നം
  • പാചകബോധിനി
  • ആരോഗ്യപോഷിണി
  • പാചകദശമി
  • സ്വയം പാചകമിത്രം
  • ആരോഗ്യപാചകം
  • ലളിതപാചകം
  • മലയാളപാചകം.
  • പാചകകൈരളി
  • Kerala Cookery
  • Art of Indian Cookery
  • Modern Kerala Dishes
  • The Family Cook Book
  • Flavours of the Spice of Coast


മറ്റ് കൃതികൾ

[തിരുത്തുക]

1963-ൽ പുറത്തു വന്ന മിസ്സിസ് കെ.എം. മാത്യുവിന്റെ കേശാലങ്കാരം എന്ന കൃതി മലയാളത്തിൽ സൗന്ദര്യസം‌രക്ഷണം സംബന്ധിച്ചു പ്രസിദ്ധീകരിച്ച ആദ്യത്തെ പുസ്തകമാണ്.[1]

60 വർഷത്തെ ഒന്നിച്ചുള്ള ജീവിതത്തിനിടയിൽ ഭർത്താവിനോടൊപ്പം പല രാജ്യങ്ങളും സന്ദർശിക്കുവാൻ അവർക്ക് അവസരമുണ്ടായി.ഇതിൽ അമേരിക്കൻ സന്ദർശനത്തെപ്പറ്റി 'ഞങ്ങൾ കണ്ട പുതിയ ലോകം' (1971) എന്നൊരു യാത്രാവിവരണവും ജപ്പാനിൽ നടത്തിയ ആദ്യയാത്രയെ മുൻനിർത്തി 'ഞങ്ങൾ കണ്ട ജപ്പാൻ' എന്ന യാത്രാവിവരണവും എഴുതിയിട്ടുണ്ട്. ഇതിനു പുറമെ ഇന്ത്യക്കകത്ത് കാശ്മീരിലും ചില വിദേശ രാജ്യങ്ങളിലും അവർ നടത്തിയ യാത്രകളുടെ അനുഭവക്കുറിപ്പുകൾ ചേർത്ത് 'യാത്രകൾ നാട്ടിലും മറുനാട്ടിലും' എന്ന ഒരു യാത്രാവിവരണസമാഹാരവും 2003-ൽ അവരുടെ മരണശേഷം പുറത്തു വന്നു. ഈ കൃതികളെല്ലാം പ്രസിദ്ധീകരിച്ചിരിക്കുന്നതു മനോരമ പബ്ലീഷിംഗ് ഹൗസ് ആണ്.

പുരസ്കാരങ്ങൾ

[തിരുത്തുക]

പത്രപ്രവത്തന മേഖലയിലുള്ള അവരുടെ സംഭാവനകളെ മാനിച്ചു കൊണ്ട് നിരവധി പുരസ്കാരങ്ങൾ അവരെ തേടിയെത്തി. റേച്ചൽ തോമസ് അവാർഡ്(1992) ,വിജ്ഞാനദീപം പുരസ്കാരം(1994) ,നിർമ്മിതി കേന്ദ്ര അവാർഡ്(1996) എന്നിവ അവയിൽ ചിലതാണ്.[2]

അവസാനകാലത്ത് വാർദ്ധക്യസഹജമായ അവശതകൾ മിസ്സിസ് കെ.എം. മാത്യുവിനെ അലട്ടി. മിക്കസമയവും അവർ വീൽചെയറിലായിരുന്നു. ഇതിനിടയിലും അവർ സാമൂഹിക-സാംസ്കാരികരംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു. 2003 ജൂൺ അവസാനവാരത്തിൽ കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട അവർ അവിടെവച്ച് ജൂലൈ 10-ന് തന്റെ 81-ആം വയസ്സിൽ അന്തരിച്ചു. മൃതദേഹം കോട്ടയം പുത്തൻപള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. അവരുടെ അന്ത്യവിശ്രമസ്ഥാനത്തിനടുത്തുതന്നെയാണ് 2010-ൽ അവരുടെ ഭർത്താവിനും അന്ത്യവിശ്രമം കൊടുത്തത്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 'മിസ്സിസ് കെ.എം. മാത്യു: വ്യക്തിയും ജീവിതവും' എന്ന പോൾ മണലിൽ തയ്യാറാക്കിയ അനുബന്ധം,
    യാത്രകൾ നാട്ടിലും മറുനാട്ടിലും,മനോരമ പബ്ലിക്കേഷൻ ഡിവിഷൻ,2003
  2. "ദ് ഹിന്ദു ഓൺലൈൻ വാർത്ത , മേയ് 26 ,2003". Archived from the original on 2010-08-26. Retrieved 2010-08-03.