Jump to content

ദ മൂൺസ്റ്റോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ മൂൺസ്റ്റോൺ
കർത്താവ്വിൽക്കി കോളിൻസ്
രാജ്യംയുനൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംഎപ്പിസ്റ്റോളറി നോവൽ, ദുരൂഹ നോവൽ
പ്രസാധകർടിൻസ്ലി ബ്രദേഴ്സ്
പ്രസിദ്ധീകരിച്ച തിയതി
1868
മാധ്യമംഅച്ചടിച്ചത്

പത്തൊമ്പതാം നൂറ്റാണ്ടിൽ പുറത്തിറങ്ങിയ പ്രസിദ്ധമായ ഇംഗ്ലീഷ് കുറ്റാന്വേഷണനോവലാണ് ദ് മൂൺസ്റ്റോൺ. ഇംഗ്ലീഷിലെ ആദ്യത്തെ കുറ്റാന്വേഷണനോവലായി കണക്കാക്കപ്പെടുന്ന ഇതിന്റെ രചയിതാവ് വിൽക്കി കോളിൻസാണ്. എപ്പിസ്റ്റോളറി ശൈലിയിൽ രചിക്കപ്പെട്ടിരിക്കുന്ന ഇത് 1868-ൽ പുറത്തിറങ്ങി.

ഇന്ത്യയിൽ നിന്നും ബ്രിട്ടണിലേക്ക് കടത്തിയ ഒരു മഞ്ഞ രത്നത്തിന്റെ തിരോധാനവും അന്വേഷണവുമാണ് കഥയുടെ കാതൽ. ഈ നോവലിന് ചന്ദ്രകാന്തം എന്ന പേരിൽ ഒരു മലയാളപരിഭാഷയും പുറത്തിറങ്ങിയിട്ടുണ്ട്.

ചാൾസ് ഡിക്കൻസിന്റെ ഓൾ ദ യെർ റൗണ്ട് എന്ന ആനുകാലികത്തിൽ പരമ്പരരൂപത്തിലാണ് ഈ കഥ ആദ്യം പുറത്തിറങ്ങിയത്. ദ വുമൺ ഇൻ വൈറ്റ് എന്ന നോവലിനൊപ്പം, വിൽക്കി കോളിൻസിന്റെ ഏറ്റവും നല്ല നോവലുകളിൽ ഒന്നായി ദ മൂൺസ്റ്റോൺ കണക്കാക്കപ്പെടുന്നു.

ഈ നോവലിനെ ആസ്പദമാക്കി ചലച്ചിത്രങ്ങളും ടെലിവിഷൻ-റേഡിയോ പരമ്പരകളും പുറത്തിറങ്ങിയിട്ടുണ്ട്.

പുസ്തകത്തിൽ ചിത്രീകരിച്ചിരിക്കുന്ന നെറ്റിയിൽ രത്നമണിഞ്ഞ ചന്ദ്രവിഗ്രഹം

ഒരു ചരിത്രാഖ്യായികാശൈലിയിലാണ് ഈ രത്നത്തിന്റെ കഥയാരംഭിക്കുന്നത്, പതിനൊന്നാം നൂറ്റാണ്ടിൽ ഗസ്നിയിലെ മഹ്മൂദ് നടത്തിയ ഗുജറാത്തിലെ സോംനാഥ് ആക്രമണത്തിൽ സോംനാഥിലെ ക്ഷേത്രവും വിഗ്രഹങ്ങളുമെല്ലാം കൊള്ളയടിക്കപ്പെട്ടെങ്കിലും, നെറ്റിയിൽ മഞ്ഞരത്നം ചൂടിയ ചതുർബാഹുവായ ചന്ദ്രദേവന്റെ വിഗ്രഹം മാത്രം മൂന്നു ബ്രാഹ്മണർ സംരക്ഷിച്ച് വരാണസിയിലേക്ക് കടത്തുന്നു. തുടർന്ന് ഈ മൂന്നു ബ്രാഹ്മണരുടെ പിൻഗാമികൾ തലമുറകളായി രത്നം സംരക്ഷിച്ചു പോന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ആക്രമണത്തെത്തുടർന്ന്, രത്നം, മുഗൾ സേനയിലെ ഒരു ഉദ്യോഗസ്ഥന്റെ പക്കലും തുടർന്ന് പല കൈ മറിഞ്ഞ് ടിപ്പു സുൽത്താന്റെ പക്കലുമെത്തി. സംരക്ഷകരായ ബ്രാഹ്മണർ, രത്നം എങ്ങനെയെങ്കിലും തിരിച്ചെടുക്കണമെന്ന ലക്ഷ്യവുമായി എല്ലായിടത്തും പിന്തുടർന്നു.

മൂൺസ്റ്റോൺ തിരിച്ചെടുക്കാനായെത്തുന്ന മൂന്ന് ഇന്ത്യക്കാരും സഹായിയായ കുട്ടിയും

1799-ൽ ടിപ്പുവിനെ തോൽപ്പിച്ച്, ശ്രീരംഗപട്ടണം പിടിച്ചതിനെത്തുടർന്ന് ബ്രിട്ടീഷ് സേനയിലെ ജോൺ ഹെൺകാസിൽ എന്ന ഉദ്യോഗസ്ഥൻ രത്നം കൈവശപ്പെടുത്തി ബ്രിട്ടണിലേക്ക് കടത്തുന്നു. മൂൺസ്റ്റോൺ കൈവശം വക്കുന്നവർക്ക് നാശമുണ്ടാകും എന്ന വിശ്വാസം പ്രബലമാണ്. ഇത് കൈവശപ്പെടുത്തിയവർക്ക് വന്ന തോൽവികൾ ഈ വിശ്വാസത്തെ സാധൂകരിക്കുന്നതിനായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മൂൺസ്റ്റോൺ ബ്രിട്ടണിലെത്തിച്ച ജോൺ ഹെൺകാസിലാകട്ടെ ഉറ്റവരും ഉടയവരുമെല്ലാം ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ് മരണമടഞ്ഞത്. മരണശേഷം മൂൺസ്റ്റോൺ, തന്റെ മരുമകളായ റേച്ചൽ വെറിൻഡറിന് സമ്മാനമായി നൽകാനായി ജോൺ ഹെൺകാസിൽ വ്യവസ്ഥ ചെയ്തിരുന്നു.[൧]

തന്റെ പതിനെട്ടാം പിറന്നാൾ ദിനത്തിൽ റേച്ചൽ വെറിൻഡറിന് സമ്മാനമായി ലഭിക്കുന്ന മൂൺസ്റ്റോൺ, അന്നേദിവസം രാത്രിതന്നെ യോർക്ക്ഷയറിലെ സ്വവസതിയിൽ നിന്ന് ദുരൂഹമായി അപ്രത്യക്ഷമാകുന്നു. പിറന്നാൾവിരുന്നിന് സംബന്ധിച്ച ബന്ധുക്കൾക്കും വീട്ടുവേലക്കാർക്കും പുറമേ, രത്നം തേടിയെത്തിയ മൂന്ന് ഇന്ത്യക്കാരും സംശയത്തിന് പാത്രമാകുന്നു.

ഫ്രാങ്ക്ലിൻ ബ്ലേക്കും റേച്ചൽ വെറിൻഡറും
ഗബ്രിയേൽ ബെറ്ററിഡ്ജും സെർജന്റ് കഫും

സ്കോട്ട്ലന്റ് യാർഡിലെ സെർജന്റ് കഫ് എന്ന വിദഗ്ദ്ധ കുറ്റാന്വേഷകനാണ് അന്വേഷണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. അദ്ദേഹത്തിന്റെ അന്വേഷണത്തിന്റെ ആദ്യഘട്ടം പരാജയത്തിൽ കലാശിച്ചെങ്കിലും ഏതാണ്ട് ഒരു വർഷത്തിനു ശേഷം കഫിനൊപ്പം, ഫ്രാങ്ക്ലിൻ ബ്ലേക്ക്, എസ്ര ജെന്നിങ്സ്, മാത്യൂ ബ്രഫ് തുടങ്ങിയവർ ഉൾപ്പെട്ട സംഘം ഈ തിരോധാനരഹസ്യത്തിന്റെ ചുരുളഴിക്കുന്നു.

കഥാപാത്രങ്ങൾ

[തിരുത്തുക]
  • റേച്ചൽ വെറിൻഡർ – കഥയിലെ നായികാപ്രാധാന്യമുള്ള കഥാപാത്രം. റേച്ചലിന്റെ പതിനെട്ടാം പിറന്നാളിനാണ് മൂൺസ്റ്റോൺ അവർക്ക് സമ്മാനമായി ലഭിക്കുന്നത്.
  • വെറിന്ദർ പ്രഭ്വി - റേച്ചലിന്റെ അമ്മ - ധനികയായ വിധവ - അവരുടെ ഒരേയോരു മകളാണ് റേച്ചൽ.
  • ജനറൽ ജോൺ ഹെൺകാസിൽ - വെറീന്ദർ പ്രഭ്വിയുടെ സഹോദരൻ - മൂൺസ്റ്റോൺ ഇന്ത്യയിൽ നിന്ന് ബ്രിട്ടണിലെത്തിച്ചത് ഇദ്ദേഹമാണ്.
  • ഗബ്രിയേൽ ബെറ്ററിഡ്ജ് - വെറീന്ദർ പ്രഭ്വിയുടെ കാര്യസ്ഥൻ
  • പെനലപി ബെറ്ററിഡ്ജ് - ഗബ്രിയേലിന്റെ പുത്രി - വെറീന്ദർ കുടുംബത്തിലെ - പ്രത്യേകിച്ച് റേച്ചലിന്റെ - വേലക്കാരി.
  • റോസന്ന സ്പിയർമാൻ - വെറിന്ദർ കുടൂംബത്തിലെ വേലക്കാരി - മുൻപ് കുറ്റവാളിയായിരുന്ന ഇവർ വളരെ ദുരൂഹസ്വഭാവമുള്ള കഥാപാത്രമാണ്.
  • ഫ്രാങ്ക്ലിൻ ബ്ലേക്ക് - വെറിന്ദർ കുടൂംബത്തിലെ ബന്ധു - സഞ്ചാരി - പിറന്നാളിൽ മൂൺസ്റ്റോൺ റേച്ചലിന് എത്തിച്ചുകൊടുത്തത് ഇദ്ദേഹമാണ്.
  • ഗോഡ്ഫ്രേ ഏബിൾവൈറ്റ് - മറ്റൊരു ബന്ധു - സാമൂഹ്യപ്രവർത്തകൻ
  • ഡ്രുസില്ല ക്ലാക്ക് - മറ്റൊരു ബന്ധു - മതപ്രചാരക
  • മാത്യു ബ്രഫ് - വെറിൻഡർ, ഹെൺകാസിൽ കുടുംബങ്ങളുടെ കുടുംബവക്കീൽ
  • സെർജന്റ് കഫ് - സ്കോട്ട്ലന്റ് യാർഡിൽ നിന്നുള്ള വിദഗ്ദ്ധ കുറ്റാന്വേഷകൻ
  • ഡോക്ടർ കാൻഡി - വെറിന്ദർ കുടൂംബത്തിലെ കുടൂംബവൈദ്യൻ
  • എസ്ര ജെന്നിങ്സ് - ഡോക്ടർ കാൻഡിയുടെ സഹായി
  • മർത്ത്‌വൈറ്റ് - പ്രശസ്തനായ സഞ്ചാരി
  • മൂന്ന് ഇന്ത്യക്കാർ - മൂൺസ്റ്റോൺ തിരിച്ചെടുക്കാൻ ഇറങ്ങിപ്പുറപ്പെട്ട ബ്രാഹ്മണർ

കഥനശൈലി

[തിരുത്തുക]

വിവിധ കഥാപാത്രങ്ങളുടെ അനുഭവക്കുറിപ്പുകൾ, ലേഖനങ്ങൾ, കത്തുകൾ തുടങ്ങിയവ കൂട്ടിച്ചേർത്ത് എപ്പിസ്റ്റോളറി ശൈലിയിലാണ് ഈ കഥ അവതരിപ്പിച്ചിരിക്കുന്നത്. രത്നത്തിന്റെ ചരിത്രം, ഹെൺകാസിൽ കുടൂംബത്തിന്റെ ഒരു പൂർവകാലചരിത്രരേഖയിലൂടെ അവതരിപ്പിക്കുമ്പോൾ, രത്നം യോർക്ക്ഷയറിലെ വെറീന്ദർ കുടൂംബത്തിലെത്തുന്നതും, നഷ്ടപ്പെടുന്നതും, ആദ്യഘട്ട അന്വേഷണപുരോഗതിയുമെല്ലാം ഗബ്രിയേൽ ബെറ്ററിഡ്ജ് എന്ന കാര്യസ്ഥന്റെ അനുഭവക്കുറിപ്പുകളിലൂടെയാണ് വിശദീകരിക്കപ്പെടുന്നത്.

ഡ്രുസില്ല ക്ലാക്ക്, മാത്യു ബ്രഫ്, ഫ്രാങ്ക്ലിൻ ബ്ലേക്ക്, എസ്ര ജെന്നിങ്സ്, സെർജന്റ് കഫ് എന്നിവരുടെ കുറിപ്പുകളിലൂടെ കഥ പുരോഗമിക്കുകയും ബെറ്ററിഡ്ജിന്റെ കുറിപ്പിലൂടെ തന്നെ പൂർത്തിയാകുകയും ചെയ്യുന്നു. രത്നത്തിന്റെ അവസാനസ്ഥിതിയെപ്പറ്റി സഞ്ചാരിയായ മർത്ത്‌വൈറ്റിന്റെ വിശദീകരണം കൂടി അന്ത്യത്തിലുണ്ട്.

വിലയിരുത്തൽ

[തിരുത്തുക]

പിൽക്കാലത്തെ ദുരൂഹ-കുറ്റാന്വേഷണ നോവലുകളുടെ മുന്നോടിയായാണ് ദ മൂൺസ്റ്റോൺ വ്യാപകമായി വിലയിരുത്തപ്പെടുന്നത്. വിദഗ്ദ്ധനായ ഒരു കുറ്റാന്വേഷകൻ, കുറ്റാരോപിതരാകുന്ന ഒന്നിലധികം പേർ, കുറ്റകൃത്യത്തിന്റെ പുനരാവിഷ്കരണം തുടങ്ങിയ ഇരുപതാം നൂറ്റാണ്ടിലെ കുറ്റാന്വേഷണനോവലുകളിലെ പതിവുപ്രത്യേകതകളുടെ ആരംഭം ഈ നോവലിലാണ്.

കുറിപ്പുകൾ

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ en:The Moonstone എന്ന താളിലുണ്ട്.
  • ^ തന്റെ സഹോദരിയിൽ നിന്നേറ്റ അപമാനത്തിന് പ്രതികാരം ചെയ്യുന്നതിനാണ് ശാപഗ്രസ്തമായ ഈ രത്നം അവരുടെ പുത്രിയായ റേച്ചലിന് സമ്മാനിച്ചതെന്ന് പ്രധാന കഥാപാത്രങ്ങളായ ഗബ്രിയേൽ ബെറ്ററിഡ്ജും ഫ്രാങ്ക്ലിൻ ബ്ലേക്കും വിലയിരുത്തുന്നുണ്ട്

അവലംബങ്ങൾ

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ The Moonstone എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ദ_മൂൺസ്റ്റോൺ&oldid=2882746" എന്ന താളിൽനിന്ന് ശേഖരിച്ചത്