ചുമർചിത്രകല
ക്ഷേത്രങ്ങളും, പള്ളികളും, പഴയ രാജമന്ദിരങ്ങളും മോടിയാക്കുന്നതിന് അവയുടെ ചുമരുകളിൽ വരച്ചിട്ടുള്ള ചിത്രങ്ങളെയാണ് പൊതുവെ ചുമർചിത്രങ്ങൾ എന്നു പറയുന്നത്. [1] കെട്ടിയുണ്ടാക്കിയ ഭിത്തിയിൽ, കുമ്മായം കൊണ്ടുള്ള ഒന്നാം തലത്തിനു മുകളിൽ പൂശിയെടുത്ത മറ്റൊരു നേർത്ത തലത്തിൽ രചിചിട്ടുള്ള ചിത്രങ്ങളെ മാത്രമാണ് ചുവർചിത്രങ്ങൾ എന്നു പണ്ഡിതർ അഭിപ്രായപ്പെടുന്നു. ഗുഹാചിത്രങ്ങളും മറ്റും ചുവർച്ചിത്രങ്ങളായല്ല, അവയുടെ മുന്നോടികളായ ചിത്രങ്ങളായാണ് പരിഗണിക്കുന്നത്. [2].
തരങ്ങൾ
[തിരുത്തുക]മ്യൂറൽ, ഫ്രസ്കോ എന്നിങ്ങനെ രണ്ടുതരത്തിലുള്ള ചുമർചിത്രങ്ങളുണ്ട്. ചുമരിന്മേൽ തേക്കുന്ന പശ ഉണങ്ങുന്നതിനു മുൻപേ അവയിൽ ചിത്രം രചിക്കുന്നതിനെ ഫ്രസ്കോ എന്നും പശ ഉണങ്ങിയതിനു ശേഷം ചിത്രം രചിച്ചാൽ അത്തരം ചിത്രങ്ങളെ മ്യൂറൽ എന്നും വിളിക്കുന്നു[3]..
കേരളത്തിലെ ചുമർചിത്രങ്ങൾ
[തിരുത്തുക]ചരിത്രം
[തിരുത്തുക]കേരളത്തിലെ ചുമർചിത്രകലാപാരമ്പര്യത്തിന് ഏകദേശം പത്തു നൂറ്റാണ്ടോളം പഴക്കമുണ്ട്. ആയ് ഭരണകാലത്ത് രചിക്കപ്പെട്ടതെന്നു കരുതുന്ന, കന്യാകുമാരി ജില്ലയിലെ തിരുനന്ദിക്കരയിലുള്ള ഗുഹാക്ഷേത്രത്തിലെ മച്ചിലുള്ള ചിത്രങ്ങളാണ് പഴക്കമേറിയത്. ഗുഹാക്ഷേത്രങ്ങളല്ലാതെ ക്ഷേത്രങ്ങൾ കെട്ടിയുണ്ടാക്കാൻ തുടങ്ങിയ (സുഘടിതക്ഷേത്രങ്ങൾ) എട്ട്-ഒൻപത് നൂറ്റാണ്ടുകളിലാണ് ചുവർച്ചിത്രകലയ്ക്ക് പ്രാധാന്യം ലഭിച്ചു തുടങ്ങിയത്. അതിനുമുൻപ്, കളമെഴുത്ത് എന്ന ചിത്രകലാസമ്പ്രദായത്തിനായിരുന്നു കേരളത്തിൽ പ്രാധാന്യം. കളമെഴുത്തിലെ രചനാശൈലി തിരുനന്ദിക്കരയിലേയും പാർത്ഥിവപുരത്തേയും ചിതറാലിലേയും ചിത്രങ്ങളിൽ കാണുന്നു. പതിനഞ്ചു മുതൽ പത്തൊൻപതുവരെ നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ട ചിത്രങ്ങളാണ് കേരളത്തിൽ അധികവും കാണുന്നത്. ഈ കാലത്തു രചിച്ച ചിത്രങ്ങൾക്കാണ് ഭംഗിയും ആകർഷണീയതയും കൂടുതലുള്ളത്. പോർച്ചുഗിസുകാരുടേയും ലന്തകളുടേയും ആക്രമണാധിപത്യങ്ങൾ കൊണ്ട് ശിഥിലമായ രാഷ്ട്രീയ-സാംസ്കാരികാന്തരീക്ഷത്തിൽ ഉണ്ടായ രണ്ടാം ഭക്തിപ്രസ്ഥാനം ഈ കാലഘട്ടങ്ങലിലെ ചുവർച്ചിത്രശൈലിയെ സ്വാധീനിച്ചിട്ടുണ്ട് [2].
ശൈലീസവിശേഷതകളുടെ അടിസ്ഥാനത്തിൽ, കേരളത്തിലെ ചുവർച്ചിത്രങ്ങളെ, നാലുഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു. വേണ്ടത്ര തെളിവുകളില്ലാത്തതിനാൽ കാലഗണനാക്രമത്തിൽ അവയെ വേർതിരിക്കുവാൻ കഴിഞ്ഞിട്ടില്ല.
- പ്രാഥമികഘട്ടം, തിരുനന്ദിക്കര, കാന്തളൂർ, ത്രിവിക്രമമംഗലം, പാർത്ഥിവപുരം എന്നീ ക്ഷേത്രങ്ങളിലെയും ചിതറാൽ ഗുഹയിലെയും ചിത്രങ്ങൾ പ്രതിനിധാനം ചെയ്യുന്നു
- പ്രാഥമികാനന്തരഘട്ടം, മട്ടാഞ്ചേരിയിലെ രാമായണ ചിത്രങ്ങളും, തൃശൂർ വടക്കുന്നാഥൻ, തിരുവഞ്ചിക്കുളം, എളങ്കുന്നപ്പുഴ, മുളക്കുളം, കോട്ടയം താഴത്തങ്ങാടി, വാസുദേവപുരം, തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങളിലെ ചിത്രങ്ങൾ പ്രതിനിധീകരിക്കുന്നു.
- മധ്യകാലഘട്ടം, അകപ്പറമ്പ്, കാഞ്ഞൂർ, തിരുവല്ല, കോട്ടയം (ചെറിയ പള്ളി), ചേപ്പാട്, അങ്കമാലി എന്നിവിടങ്ങളിലെ പള്ളികളിലെയും, കോട്ടയ്ക്കൽ, പുണ്ഡരീകപുരം, തൃപ്രയാർ, പനയന്നാർകാവ്, ലോകനാർകാവ്, ആർപ്പൂക്കര, തിരുവനന്തപുരം (പത്മനാഭസ്വാമി) എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും, കരിവേലപ്പുരമാളിക, പത്മനാഭപുരം മട്ടാഞ്ചേരി (കോവേണിത്തളം, കീഴ്ത്തളം) എന്നീ കൊട്ടാരങ്ങളിലും കാണുന്ന ചിത്രങ്ങളാണ് പ്രതിനിധാനം ചെയ്യുന്നത്.
- മധ്യകാലാനന്തരഘട്ടം പ്രതിനിധാനം ചെയ്യുന്നത്, ബാലുശ്ശേരി, കോട്ടക്കൽ, കോഴിക്കോട് തളി, വടകര കീഴൂർ, വടകര ചേന്നമംഗലം, ലോകനാർകാവ്, കരിമ്പുഴ,പുന്നത്തൂർകോട്ട എന്നിവിടങ്ങളിലെ ചിത്രങ്ങളുമാണ്. [2]
ക്രൈസ്തവപ്പള്ളികളിൽ ചുവർച്ചിത്രങ്ങൾക്ക് നാലുനൂറ്റാണ്ടിന്റെയെങ്കിലും പാരമ്പര്യമുണ്ട്. 1599ലെ ഉദയംപേരൂർ സൂഹന്നദോസിനു ശേഷമാണ് ക്രൈസ്തവപ്പള്ളികളിൽ ചുവർച്ചിത്രങ്ങൾ കൂടുതലായി വരപ്പിച്ചുതുടങ്ങിയത് .
വടക്കൻ കേരളത്തിൽ, പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂർ ആക്രമണങ്ങൾ ഉണ്ടാക്കിയ അരാജകതയും ബ്രിട്ടീഷാധിപത്യവും, വിശ്വാസപ്രതിസന്ധിയും ക്ഷേത്രസംസ്കാരത്തകർച്ചയും സൃഷ്ടിക്കുകയും ചുവർച്ചിത്രകലയുടെ പതനത്തിനും ഇടയാക്കുകയും ചെയ്തു. തെക്കൻ കേരളത്തിൽ, കേണൽ മൺറോയുടെ ക്ഷേത്രങ്ങളുടെ ഭരണം സർക്കാർ നേരിട്ടു നടത്തണമെന്ന തീരുമാനം ക്ഷേത്രകേന്ദ്രീകൃതസാമൂഹികഘടന മാറ്റുകയും ഈ കല ശിഥിലമാക്കുകയും ചെയ്തത്. അക്കാലത്തെ രവിവർമച്ചിത്രങ്ങളുടെ പ്രശസ്തിയുണ്ടാക്കിയ അനുകരണഭ്രമവും ശിഥിലീകരണത്തിന്റെ മറ്റൊരു കാരണമാണ്.[2]
കേരളത്തിലെ ചുവർച്ചിത്രസങ്കേതങ്ങൾ
[തിരുത്തുക]രാജസ്ഥാൻ കഴിഞ്ഞാൽ, ഇൻഡ്യയിൽ ഏറ്റവുമധികം ചുവർച്ചിത്രങ്ങൾ കേരളത്തിലാണുള്ളത്. ഇത്തരം ഇരുനൂറോളം കെട്ടിടസങ്കേതങ്ങൾ കേരളത്തിലുണ്ട്.[2] അവയിൽ ചിലത് താഴെക്കൊടുത്തിരിക്കുന്നു:
- ക്ഷേത്രങ്ങൾ :- തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം, തിരുവഞ്ചിക്കുളം, എളങ്കുന്നപ്പുഴ, മുളക്കുളം, കോട്ടയം താഴത്തങ്ങാടി, വാസുദേവപുരം, തൃക്കൊടിത്താനം, കോട്ടയ്ക്കൽ, തലയോലപ്പറമ്പ് പുണ്ഡരീകപുരം, തൃപ്രയാർ പനയന്നാർകാവ്, ലോകനാർക്കാവ്, ആർപ്പൂക്കര, തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം[4], കോഴിക്കോട് തളി, ഏറ്റുമാനൂർ തൃച്ചക്രപുരം, ബാലുശ്ശേരി, മൂക്കുതല, പുന്നത്തൂർകോട്ട.കണ്ണൂർ തൊടീക്കളം ശിവക്ഷേത്രം,വടകര പാറയിൽ ശിവക്ഷേത്രം.
- കൊട്ടാരങ്ങൾ: പദ്‌മനാഭപുരം, മട്ടാഞ്ചേരി, തിരുവനന്തപുരം കരിവേലപ്പുരമാളിക, കൃഷ്‌ണപുരം
- വർണങ്ങൾ : കാവിച്ചുവപ്പ്, കാവിമഞ്ഞ, പച്ച, ചുവപ്പ്, വെള്ള, നീല, ഹരിതനീലം, കറുപ്പ്, മഞ്ഞ, സ്വർണ്ണമഞ്ഞ തുടങ്ങിയ നിറങ്ങളാണ് ചുവർച്ചിത്ര രചനക്ക് ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും കാവിച്ചുവപ്പാണ് കേരളത്തിലെ ചിത്രങ്ങളിലെ പ്രധാന വർണ്ണം. മണ്ണിലെ ധാതുക്കളും, സസ്യഭാഗങ്ങളും രാസവസ്തുക്കളും ചായങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നു. വെട്ടുകല്ലിൽ നിന്ന് കാവിച്ചുവപ്പും, കാവിമഞ്ഞയും, നീലിയമരിയിൽ നിന്ന് നീല നിറവും, മാലക്കൈറ്റിൽ നിന്നോ എരവിക്കറയിലോ മനയോലയിലോ നീലനിറം ചേർത്തോ പച്ചനിറവും, എണ്ണക്കരിയിൽ നിന്ന് കറുപ്പും, നിർമ്മിച്ചിരുന്നത്. കൂടാതെ ചായില്യവും നിറക്കൂട്ടുണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. ചില ചായങ്ങൾ പ്രയോഗിക്കുന്നതിനു മുമ്പ് തുരിശു ലായനിയോ നാരങ്ങാനീരോ പൂശി കുമ്മായം നേർപ്പിക്കുകയും ചെയ്തിരുന്നു.
- മാധ്യമങ്ങൾ: പലതരം പശകളാണ് ഭിത്തിയിൽ പൂശിയ കുമ്മായം ബലപ്പെടുത്തുവാനും, ചായങ്ങൾ ഇളകാതിരിക്കുന്നതിനും ഉപയോഗിച്ചിരുന്നത്. ശർക്കര, വിളാമ്പശ, കള്ളിപ്പാൽ, വേപ്പിൻപശ എന്നിവ ഉപയോഗിക്കാമെന്നും നിറങ്ങൾ നാരങ്ങയിൽ കുതിത്ത്, കരിക്കിൻ വെള്ളത്തിൽ ചാലിച്ചിരുന്നതായും ചില പഴയ ഗ്രന്ഥങ്ങളിൽ കാണുന്നു.
- ഉപകരണങ്ങൾ: കോരപ്പുല്ല്, കൈതവേര്, മുളന്തണ്ട് എന്നിവയാണ് ബ്രഷും വരക്കാനുള്ള തൂലികയും നിർമ്മിച്ചിരുന്നത്. ചായം പൂശാൻ കോതപ്പുല്ലും, ചായം പരത്താൻ കൈതവേരും ഉപയോഗിച്ചിരുന്നു. തടികൊണ്ടുള്ള മരവിയിൽ ചായം കൂട്ടി ചിരട്ടയിൽ പകർന്നാണ് ചായം തേച്ചിരുന്നത്.
- രചനാരീതി: ഭിത്തിലെ പരുത്ത ഒന്നാം പടലത്തിനു മുകളിൽ കുമ്മായം തേച്ചുണ്ടാക്കിയ രണ്ടാം പടലത്തിനു മുകളിലാണ് ചിത്രങ്ങൾ വരച്ചിരുന്നത്. അറ്റം കൂർപ്പിച്ച മുളംതണ്ട് മഞ്ഞച്ചായത്തിൽ മുക്കി ബാഹ്യരേഖ വരച്ച്, ചുവന്ന ചായം കൊണ്ട് ദൃഢമാക്കിയിരുന്നു. അതിനുശേഷം ചായങ്ങൾ തേച്ചു പിടിപ്പിക്കുന്നു. പിന്നീട് ചിത്രരചന കഴിഞ്ഞാൽ, പൈന്മരക്കറ നാലിലൊന്ന് എണ്ണയും ചേർത്ത് തുണിയിലരിച്ച് ചുവരിൽ തേച്ചു ബലപ്പെടുത്തുകയാണ് ചെയ്തിരുന്നത്.
- പ്രമേയങ്ങൾ: മതപരമായ പ്രമേയങ്ങളാണ് കേരളത്തിലെ ചിത്രങ്ങളിലധികവും കാണുന്നത്. കൊട്ടാരങ്ങളിലും ക്ഷേത്രങ്ങളിലും മുഖ്യമായി ശൈവ-വൈഷ്ണവ സങ്കല്പത്തിലുള്ള ദേവീദേവന്മാരും പുരാണകഥകളുമാണ് ചിത്രീകരിച്ചിട്ടുള്ളത്, അപൂർവമായി നാടുവാഴികളേയും സാധാരണക്കാരേയും ചിത്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ചില ദേശങ്ങളിൽ നടന്ന ശൈവ-വൈഷ്ണവസംഘട്ടനങ്ങൾ കേരളത്തിൽ നടന്നിട്ടില്ലെന്ന് ചിത്രങ്ങളുടെ പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ ദശാവതാരചിത്രങ്ങളിൽ ഒന്നിലും ശ്രീബുദ്ധനെ ചിത്രീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ക്രൈസ്തവപ്പള്ളികളിൽ, പുരോഹിതർക്കും സഹായികൾക്കും മാത്രം പ്രവേശനമുള്ള മദ്ബഹയിലും മറ്റും ചിത്രങ്ങൾ രചിച്ചിരുന്നതിനാൽ അവയെക്കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല. ബൈബിൾക്കഥകളും വിശുദ്ധന്മാരും മതാദ്ധ്യക്ഷന്മാരും യേശുദേവന്റെ ജീവചരിതവുമാണ് പള്ളികളിലെ ചിത്രങ്ങളുടെ പ്രമേയങ്ങൾ. കാഞ്ഞൂരെ പഴയ പള്ളിയിൽ, ആലുവയിൽ നടന്ന മൈസൂർ-തിരുവിതാംകൂർ യുദ്ധങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്.
- ശൈലി: കേരളത്തിലെ ചുവർച്ചിത്രങ്ങൾ യഥാതഥമായ രീതിയിലല്ല, മറിച്ച് കാല്പനികവും ആദർശാത്മകവുമായാണ് രചിച്ചിരിക്കുന്നത്. വർണ്ണപ്രയോഗങ്ങളിൽ ആധാരമായ പാശ്ചാത്യസമ്പ്രദായത്തിൽ നിന്നു വ്യത്യസ്തമായി, രേഖകളുടെ വിന്യാസത്തിലൂടെയും അവയ്ക് അനുപൂരകങ്ങളായ വർണ്ണങ്ങളിലൂടെയും ഭാവോത്കർഷം വരുത്തുകയാണ് ഭാരതീയ ചിത്രരചനാ ശൈലി.അനുപാതം, നില, പശ്ചാത്തലം, സമമിതി, സാദൃശ്യം തുടങ്ങിയവയ്കുമാണ് തുടർന്നു പ്രാധാന്യം നൽകിയിരിക്കുന്നത്. വർണ്ണങ്ങൾക്ക് പ്രതീകസ്വഭാവമുണ്ട്. സാത്വികമൂർത്തികൾക്ക് പച്ചയും, രജോഗുണമുള്ളവർക്ക് ചുവപ്പും മഞ്ഞകലർന്ന ചുവപ്പും, തമോഗുണക്കാർക്ക് വൈഷ്ണവപക്ഷപ്രകാരം വെള്ളയോ ശൈവപക്ഷപ്രകാരം കറുപ്പോ നൽകിയിരിക്കുന്നു. ചിത്രീകരണശൈലികങ്ങളിൽ, ഭാവഗീതാത്മകമായ വൈണികം എന്ന രീതിയ്കാണ് കൂടുതൽ പ്രചാരം. സത്യം (യഥാതഥം), നാഗരം (ജീവിതസ്പർശി), മിശ്രം എന്നിവയാണ് മറ്റു മൂന്നു ശൈലികൾ. വിഗ്രഹനിർമ്മാണത്തിലെ താലപ്രമാണവും, കേരളീയവുമായ സവിശേഷതകളും ചിത്രങ്ങളിൽ കാണാം. കേരളത്തിലെ കുന്നുകളും താഴ്വരകളും, നടനകലകളിലെ വേഷങ്ങളും, സ്തോഭപ്രകടനരീതികളും, കേരളീയവാദ്യോപകരണങ്ങളും, ചുവർച്ചിത്രങ്ങളിലുണ്ട്. വികാരങ്ങളെ സംയമനത്തോടെ പ്രകടിപ്പിക്കുകയെന്ന കേരളീയരുടെ രീതിയും കാണാം.ചരിത്ര പുരുഷന്മാരേയും, രാജാക്കന്മാരേയും, ചെട്ടിയേയും, കോമട്ടിയേയും, അറബിയേയും, ഗോസായിയേയും ചിത്രങ്ങളിൽ കാണാം. വിവിധതരം പുരുഷന്മാരെയും സ്ത്രീകളേയും ചിത്രീകരിക്കുന്നത് അതതു പ്രമാണങ്ങളനുസരിച്ചുമാണ്. അതുകൊണ്ട് ഒരേസമയം ഭാരതീയവും കേരളീയവുമാണ് ഈ ചുവർച്ചിത്രങ്ങൾ. മധ്യേഷ്യയിലെ ക്രിസ്തീയശൈലിയുടെയും കേരളീശൈലിയുടെയും സങ്കലനമാണ് പള്ളികളിലെ ചിത്രങ്ങളിൽ കാണുന്നത്. യഥാർഥശൈലിയുടെ കലർപ്പുള്ള ആദർശസൗന്ദര്യാകർഷണമാണ് ഈ ചിത്രങ്ങൾക്കുള്ളത്. ചുവർ തയ്യാറാക്കുന്നതിലും നിറങ്ങളുണ്ടാക്കുന്നതിലും ക്ഷേത്രകലാകാരന്മാരുടെ അതേ സ്മ്പ്രദായം സ്വീകരിച്ചിരുന്നു. എന്നാൽ, നിറക്കൂട്ടിൽ കടുംനീലധാതു (Lapis lazuli) ഉപയോഗിച്ചിരുന്നു. താലവ്യവസ്ഥ പള്ളികളിലെ ചിത്രങ്ങൾക്കില്ല. വർണ്ണങ്ങളുടെ സൗമ്യപ്രസരണത്തിനു പകരം വർണ്ണപ്പൊലിമയാണ് അവയ്ക്. രൂപങ്ങളുടെ പുറമേകാണുന്ന അലങ്കാരരേഖകളും അവയിലില്ല. നൈസർഗ്ഗികമായ ചൈതന്യവും, കർമചൈതന്യത്തിന്റെ താളവും, അഭൗതികഗാംഭീര്യവും ഉള്ളവയാണ് ഈ ചിത്രങ്ങൾ.
- കലാകാരന്മാർ: പതിനേഴാം നൂറ്റാൺറ്റിന്റെ ഒടുക്കം മുതലാണ് ചിത്രകാരന്മാരുടെ പേര് വയ്ക്കുന്ന രീതി തുടങ്ങിയത്. ചിത്രകലാവിദഗ്ദ്ധരുടെ ഒരു ചെറുപട്ടിക ചുവടെ ചേർത്തിരിക്കുന്നു
ചിത്രകാരൻ(മാർ) | ചിത്രം / ചിത്രസങ്കേതം |
---|---|
ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെ ശിഷ്യനായ കൃഷ്ണനും ശിഷ്യനും | ശങ്കരനാരായണക്ഷേത്രത്തിന്റെ (വടക്കുന്നാഥക്ഷേത്രസമുച്ചയം) ശ്രീകോവിലിലെ ചിത്രങ്ങൾ |
തിരുവനന്തപുരത്തെ രാമവർമപുരം നാരായണപ്പട്ടർ | പാണ്ഡവം ശാസ്താക്ഷേത്രം |
ചാലയിലെ കാളഹസ്തി | പദ്മനാഭസ്വാമിക്ഷേത്രം |
കോട്ടയ്കൽ ഇളങ്ങരമഠത്തിൽ ശങ്കരൻ നായരും ശിഷ്യൻ ആർങ്ങാട്ടു ഭരതപ്പിഷാരടിയും | കോട്ടയ്ക്കൽ ക്ഷേത്രം |
കൃഷ്ണപ്പിഷാരടി | ബാലുശ്ശേരി വേട്ടയ്കൊരുമകൻക്ഷേത്രം, കീഴൂർ ശിവക്ഷേത്രം. |
ചിത്രശാല
[തിരുത്തുക]-
A mural painting on the wall of Kalyana Bhavanam at Achikanam
-
Mural painting - Kalyana bhavanam at Achikanam
അവലംബം
[തിരുത്തുക]- ↑ https://malayalam.keralatourism.org/wall-paintings/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 2.0 2.1 2.2 2.3 2.4 2.5 കേരളത്തിലെ ചുവർച്ചിത്രങ്ങൾ; എം. ജി. ശശിഭൂഷൺ; കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ISBN-81-7638-507-7
- ↑ സുകുമാർ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 96. ISBN 81-7130-993-3.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ https://www.kalart.org/
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- How to prepare a mural wall and protect the mural
- Political Wall Murals in Northern Ireland Archived 2011-02-22 at the Wayback Machine.
- Calpams Archived 2022-08-14 at the Wayback Machine.
- Murals.trompe-l-oeil.info Archived 2011-12-12 at the Wayback Machine. French and European gate of murals: 10 000 pictures and 1100 murals
- The National Society of Mural Painters (USA; founded 1895)
- Ancient Maya Art
- Ancient Prehispanic Murals
- Global Murals Conference 2006 at Prestoungrange
- The Melville Shoe Mosaic, an early 20th century ceramic tile mural at 44 Hammond Street in Worcester, MA Archived 2021-12-08 at the Wayback Machine.
- Take an online tour of the murals in Belfast, Northern Ireland
- Albert Krehbiel's murals at the Illinois Supreme Court Building: The Third Branch - A Chronicle of the Illinois Supreme Court; The History of the Illinois Supreme Court Archived 2011-06-05 at the Wayback Machine.
- Murals of Northern Ireland in the Claremont Colleges Digital Library
- Roman wall paintings
- Pixel Mural Archived 2022-01-25 at the Wayback Machine. - A digital mural of collaborative pixel art
- mural.ch / muralism.info Universal database on modern muralism, with many details to the works: authors, locations, literature etc.