Jump to content

കാരകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാക്യത്തിൽ ക്രിയയ്ക്കും അതിനോട് ചേർന്നുവരുന്ന നാമങ്ങൾക്കും തമ്മിലുള്ള അർത്ഥപരമായ ബന്ധത്തെയാണ് കാരകം എന്ന് വിളിക്കുന്നത്. വാക്യഘടനാപരമായി, ക്രിയയുടെ ആകാംക്ഷയെ പൂരിപ്പിക്കുന്ന നാമപദങ്ങളോ പദസംഘാതങ്ങളോ ആണ് കാരകം എന്ന് പറയാം. ‘രാമൻ രാവണനെ കൊന്നു‘ എന്ന വാക്യത്തിൽ ക്രിയ ചെയ്യുന്നയാളായതിനാൽ രാമൻ കർതൃകാരകവും ക്രിയയ്ക്ക് വിധേയമാകുന്നതിനാൽ രാവണൻ കർമ്മകാരകവുമാണ്. 'നാമവും ക്രിയയും തമ്മിലുള്ള യോജന കാരകം' എന്ന് കേരളപാണിനി കാരകത്തെ നിർവ്വചിച്ചിരിക്കുന്നു

വിവിധ കാരകങ്ങൾ

[തിരുത്തുക]
  • കർത്താവ്: ക്രിയ നിർവ്വഹിക്കുന്നത് ആരാണോ (എന്താണോ) അത്.(കർത്തൃകാരകം)
ഉദാ: പക്ഷി ചിലച്ചു.
  • കർമ്മം: ക്രിയയുടെ ഫലം എന്തിനെ അല്ലെങ്കിൽ ആരെ ആശ്രയിക്കുന്നുവോ അത്.(കർമ്മകാരകം)
ഉദാ: പശുവിനെ തലോടി.
  • സാക്ഷി: കർത്താവ് ക്രിയാനിർവ്വഹണത്തിന് അഭിമുഖീകരിക്കുന്നത് ആരോടോ (എന്തിനോടോ) അത്.(സാക്ഷികാരകം)
ഉദാ: കൃഷ്ണനോട് പറഞ്ഞു.
  • സ്വാമി: കർമ്മത്തെ അനുഭവിക്കുന്നത് ആരോ (എന്തോ) അത്.(സ്വാമികാരകം)
ഉദാ: കുഞ്ഞിന് കൊടുത്തു.
  • കരണം: ക്രിയ നിർവ്വഹിക്കുന്നതിന് കർത്താവിന്റെ ഉപകരണം.(കരണകാരകം)
ഉദാ: വടികൊണ്ട് അടിച്ചു.
  • ഹേതു: ക്രിയയുടെ കാരണം.(കാരണകാരകം)
ഉദാ: മഴയാൽ നനഞ്ഞു.
  • അധികരണം: ക്രിയയ്ക്ക് ആധാരമായിനിൽക്കുന്നത് എന്തോ അത്.(അധികരണകാരകം)
ഉദാ: നിലത്ത് വീണു.

കാരകബന്ധങ്ങളെ ഒരു നിശ്ചിതസംഖ്യയിൽ നിർത്താൻ കഴിയില്ല. ‘മരത്തിൽനിന്ന് വീണു‘, ‘തെക്കോട്ട് പോയി‘ തുടങ്ങിയവയിൽ നാമം ഗതിയെ കുറിക്കുന്നു. ‘പത്തുമണിക്ക് വരും‘ എന്നതിൽ സമയത്തെയാണ് കുറിക്കുന്നത്.

ഒരു വാക്യത്തിൽ കാരകങ്ങളുടെ നിർണ്ണയം വിവക്ഷയെ ആശ്രയിച്ചിരിക്കും. ‘കൈക്ക് അടിച്ചു‘ എന്നതിൽ ‘കൈ‘യെ കർമ്മാർത്ഥത്തിലും അധികരണാർത്ഥത്തിലും സ്വാമികാരകത്തിലും വിവക്ഷിക്കാം.

കാരകവും വിഭക്തിയും

[തിരുത്തുക]

കാരകബന്ധത്തെ സൂചിപ്പിക്കാൻ നാമത്തിൽ ചേർക്കുന്ന പ്രത്യയങ്ങളാണ് വിഭക്തിപ്രത്യയങ്ങൾ‍. ഒരു വിഭക്തിരൂപത്തിന് ഇന്ന കാരകം എന്ന ബന്ധം ഭദ്രമല്ല. ഒരു വിഭക്തിപ്രത്യയത്തിനുതന്നെ വിവിധ കാരകാർത്ഥങ്ങൾ വരാം; അതുപോലെ, ഒരേ അർത്ഥത്തെ സൂചിപ്പിക്കാൻ വിവിധ വിഭക്തികളും ഉപയോഗിക്കുന്നു.സംബന്ധികാവിഭക്തിക്ക് കാരക ബന്ധമില്ലെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. സംബന്ധികയിൽ നാമവും ക്രിയയും തമ്മിലല്ല യോജന, നാമവും നാമവും തമ്മിലാണ്.കാരക ബന്ധമില്ലാത്തതിനാൽ സംബന്ധികയെ വിഭക്തിയായി പരിഗണിക്കേണ്ടതില്ലെന്ന് വ്യാകരണപണ്ഡിതന്മാർക്കഭിപ്രായമുണ്ട്.

പ്രത്യയങ്ങളില്ലാതെതന്നെ നാമം വിവിധ കാരകങ്ങളെയും കുറിക്കും(‘പന്ത് അടിച്ചു‘- പന്ത് കർമ്മസ്ഥാനത്ത് ). നാമത്തിൽ മറ്റുനാമങ്ങൾ സമാസിച്ചും കാരകബന്ധം സൂചിപ്പിക്കാറുണ്ട്(അതുമൂലം പറഞ്ഞു - ‘അത്‘ കാരണാർത്ഥം).

ഇതുകൂടി കാണുക

[തിരുത്തുക]
  1. വിഭക്തി
  2. കാരിതം
"https://ml.wikipedia.org/w/index.php?title=കാരകം&oldid=3740360" എന്ന താളിൽനിന്ന് ശേഖരിച്ചത്