കാപ്പാപ്രതി ഇഡ്ഡലി ശരണിനെ മാലയിട്ട് സ്വീകരിച്ച ആളാണ് മന്ത്രി; മന്ത്രിയുടെ കസേരയില്‍ ഇരുന്ന് വീണ ബഹളമുണ്ടാക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: വാക്കൗട്ട് പ്രസംഗത്തിനിടെ ബഹളംവച്ച ആരോഗ്യ മന്ത്രി വീണ ജോർജിനെയും ഭരണപക്ഷ അംഗങ്ങളുടെ ബഹളത്തെ നിയന്ത്രിക്കാൻ സാധിക്കാതിരുന്ന സ്പീക്കറെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആരോഗ്യ മന്ത്രിയുടെ കസേരയില്‍ ഇരുന്നുകൊണ്ട് വീണ ജോർജ് ബഹളമുണ്ടാക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു പോയെന്ന് വി.ഡി സതീശൻ പറഞ്ഞു. സ്ത്രീകളെ ആക്രമിച്ച കേസിലെ പ്രതിയും അറിയപ്പെടുന്ന ക്രിമിനലുമായ ഇഡ്ഡലി ശരണ്‍ എന്നു വിളിക്കുന്ന കാപ്പാ കേസിലെ പ്രതിയായ ശരത് ചന്ദ്രനെ മാലയിട്ട് സ്വീകരിച്ച ആളാണ് മന്ത്രിയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗത്തിൽ നിന്ന്
'ആരോഗ്യ മന്ത്രി ആ കസേരയില്‍ ഇരുന്നുകൊണ്ട് ബഹളമുണ്ടാക്കുന്നത് കണ്ട് അദ്ഭുതപ്പെട്ടുപോയി. കാരണം അവര്‍ ഒരു സ്ത്രീയാണ്. സ്ത്രീകളെ ആക്രമിച്ച കേസിലെ പ്രതിയും അറിയപ്പെടുന്ന ക്രിമിനലുമായ ഇഡ്ഡലി ശരണ്‍ എന്നു വിളിക്കുന്ന കാപ്പാ കേസിലെ പ്രതിയായ ശരത് ചന്ദ്രനെ മാലയിട്ട് സ്വീകരിച്ച ആളാണ് മന്ത്രി. അവരാണ് ഇവിടെ ഇരുന്ന് ബഹളമുണ്ടാക്കുന്നത്. ബഹളം നിയന്ത്രിക്കാന്‍ പറ്റില്ലെന്ന് സ്പീക്കര്‍ തന്നെ സമ്മതിച്ചു. സ്പീക്കറും അതിന് കൂട്ടു നില്‍ക്കുകയാണ്.
എന്നെ മെച്യുരിറ്റി പഠിപ്പിക്കേണ്ട. എന്നെക്കൊണ്ട് സംസാരിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുക, എന്നിട്ട് 12 മിനിട്ടായപ്പോള്‍ എന്നോട് അവസാനിപ്പിക്കാന്‍ പറയുക. അതില്‍ എനിക്കുള്ള പ്രതിഷേധം ഞാന്‍ സ്പീക്കറോട് പ്രകടിപ്പിച്ചു. ചെയറിനോട് പ്രതിഷേധം പ്രകടിപ്പിക്കാന്‍ പാടില്ലേ? കീഴ് വഴക്കങ്ങളൊക്കെ ഒന്ന് എടുത്ത് നോക്ക്. ചെയര്‍ പറഞ്ഞത്, എനിക്ക് ഇത് നിയന്ത്രിക്കാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. ഞാന്‍ ഈ സ്ഥാനത്ത് ഇരുന്ന വാക്കൗട്ട് പ്രസംഗം നടത്തുമ്പോള്‍ എന്നെ തുടരെ തുടരെ ശല്യപ്പെടുത്തിയപ്പോള്‍ അത് നിയന്ത്രിക്കാന്‍ പറ്റുന്നില്ലെന്നാണ് സ്പീക്കര്‍ പറഞ്ഞത്. പക്ഷെ എന്നോട് പ്രസംഗം അവസാനിപ്പിക്കാന്‍ പറയാന്‍ അദ്ദേഹത്തിന് പറ്റി. ഇതൊക്കെ എല്ലാവരും കാണുന്നുണ്ട്. അങ്ങ് എന്താണ് ചെയ്തതെന്നും മുഖ്യമന്ത്രി എന്താണ് പറഞ്ഞതെന്നും ഇത്തരമൊരു വിഷയം വന്നപ്പോള്‍ ഇവര്‍ ബഹളം ഉണ്ടാക്കിയത് എന്തിനാണെന്നും ഞങ്ങള്‍ എന്താണ് പറഞ്ഞതെന്നും എല്ലാവരും കാണുന്നുണ്ട്.
കേരളത്തിലെ സ്ത്രീകളോടുള്ള അധിക്ഷേപത്തിന് മുഖ്യമന്ത്രി കൂട്ടു നില്‍ക്കുകയാണ്. ഒരു സി.പി.എം കൗണ്‍സിലര്‍ക്കാണ് ഇതുപറ്റിയത്. നാളെ നിങ്ങള്‍ക്ക് ആര്‍ക്കും ഇത് പറ്റാതിരിക്കട്ടെയെന്നു പ്രാര്‍ഥിക്കുന്നു. ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യാന്‍, സ്ത്രീകളെ സംരക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കിന് വിലയുണ്ടെങ്കില്‍ നിർദേശം നല്‍കണം. കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി എടുക്കണം. മുഖ്യമന്ത്രിയെ പോലെ ഒരാള്‍ അത് ചെയ്താല്‍ കേരളത്തില്‍ ഒരിടത്തും ഇത്തരം സംഭവം ആവര്‍ത്തിക്കപ്പെടില്ല. അങ്ങ് പ്രതികളെയും വൃത്തികേട് കാണിച്ച പൊലീസുകാരെയും സംരക്ഷിച്ചാല്‍ കേരളം മുഴുവന്‍ ഇത് ആവര്‍ത്തിക്കപ്പെടും. അങ്ങ് ഇരിക്കുന്നത് മുഖ്യമന്ത്രിയുടെ കസേരയിലാണെന്നത് വിനയപൂര്‍വം ഓര്‍മ്മിപ്പിക്കുന്നു.
സി.പി.എം കൗണ്‍സിലര്‍ കലാ രാജുവിനെ ആക്രമിച്ച കേസിൽ പാര്‍ട്ടി നേതാക്കളെയാണ് പ്രതികളാക്കിയിരിക്കുന്നത്. ഒന്നാം പ്രതി പാര്‍ട്ടി ഏരിയാ സെക്രട്ടറിയാണ്. രണ്ടാം പ്രതി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണും മൂന്നാം പ്രതി വൈസ് ചെയര്‍മാനും നാലാം പ്രതി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമാണ്. ഏഴ് വര്‍ഷം വരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റമാണ് നിങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ ഒരു സ്ത്രീയോട് ചെയ്തത്. പരസ്യമായി പട്ടാപ്പകല്‍ സ്ത്രീയെ അപമാനിച്ചിട്ടാണ് പൊലീസിന്‍റെ ഉത്തരവാദിത്തമുള്ള മുഖ്യമന്ത്രി വന്ന് അതിനെ ഒരു കാലുമാറ്റം എന്ന തരത്തില്‍ ലഘൂകരിക്കാന്‍ ശ്രമിക്കുന്നത്. പണ്ട് കൗരവസഭയില്‍ ഇതുണ്ടായപ്പോള്‍ അന്ന് ദുശാസനന്‍മാരായിരുന്നു. ഇന്ന് നിങ്ങള്‍ ചരിത്രത്തില്‍ അഭിനവ ദുശാസ്സനന്‍മാരായി മാറുമെന്നത് മറക്കേണ്ട.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.