മന്ത്രി റിയാസ് അപമാനിച്ചെന്ന്; അരീക്കോട്ട് ലോക്കൽ കമ്മിറ്റിയംഗങ്ങളടക്കം സി.പി.എമ്മിൽ നിന്ന് കൂട്ടരാജി
text_fieldsഅരീക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് കൈയെത്തും ദൂരെ നിൽക്കുമ്പോൾ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ മൂർക്കനാട് സി.പി.എം പ്രവർത്തകരുടെ കൂട്ടരാജി. മൂർക്കനാട് ബ്രാഞ്ചിൽ ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ 17 പേരാണ് രാജിവെച്ചത്. ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പൂട്ടി ലോക്കൽ സെക്രട്ടറിക്ക് താക്കോൽ കൈമാറി.
പൊതുജനങ്ങൾക്കിടയിൽ വെച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രവർത്തകരെ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറി, ഡി.വൈ.എഫ്.ഐ നേതാക്കൾ ഉൾപ്പെടെയാണ് രാജി നൽകിയത്. കഴിഞ്ഞ ഞായറാഴ്ച തച്ചണ്ണയിൽ കൃഷ്ണപിള്ള സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി റിയാസ് എത്തിയത്. ഈ സമയം മൂർക്കനാട് നടപ്പാലം നിർമാണവും തകർന്ന റോഡ് നന്നാക്കാത്തതും സംബന്ധിച്ച് മന്ത്രിക്ക് നിവേദനം നൽകാൻ നേതാക്കൾ ഉൾപ്പെടെ പ്രവർത്തകർ മൂർക്കനാട് അങ്ങാടിയിൽ കാത്തുനിന്നു.
നിവേദനവുമായി കാത്തുനിൽക്കുന്നുണ്ടെന്നും വാഹനം നിർത്തി നിവേദനം സ്വീകരിക്കൽ പാർട്ടിക്ക് ജനങ്ങൾക്കിടയിൽ പിടിച്ചുനിൽക്കാൻ അത്യാവശ്യമാണെന്നും മന്ത്രിയെ അറിയിച്ചു. മന്ത്രി എത്തിയപ്പോൾ പ്രവർത്തകർ കൈ കാണിച്ചെങ്കിലും വാഹനം നിർത്തിയില്ല. ഇതോടെ ലീഗ്, കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നാണംകെട്ടെന്നാണ് സി.പി.എം പ്രവർത്തകർ പറയുന്നത്.
അതേസമയം, മന്ത്രിമാരുടെ അദാലത്തിൽ കോൺഗ്രസ് പ്രവർത്തകർ മന്ത്രിക്ക് നിവേദനം നൽകിയതിനു പിന്നാലെ മൂർക്കനാട് നടപ്പാലം നിർമാണം ആരംഭിക്കുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകർക്ക് നൽകിയ പരിഗണന പാർട്ടി പ്രവർത്തകർക്ക് ലഭിച്ചില്ലെന്നാണ് പരാതി. രാജിവെക്കുന്നതിനു മുമ്പ് പ്രവർത്തകർ ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ യോഗം ചേരുന്നതറിഞ്ഞ് ഏരിയ സെക്രട്ടറി എൻ.കെ. ഷൗക്കത്തലി ഉൾപ്പെടെ എത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
നിലവിലെ സാഹചര്യത്തിൽ പ്രവർത്തകരുടെ രാജി സി.പി.എമ്മിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. രഹസ്യ യോഗങ്ങൾ ചേർന്ന് പ്രവർത്തകരെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ, പാർട്ടിയിൽ ഒരു പ്രശ്നവുമില്ലെന്ന് സി.പി.എം ഏരിയ സെക്രട്ടറി എം.കെ. ഷൗക്കത്തലി ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.