ഗാനരംഗത്തിൽ നിന്നും
ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ഒറ്റ' യിലെ പെയ്നീർ പോലെ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. മികച്ച ദൃശ്യ-സംഗീതത്തോടു കൂടി ഇറങ്ങിയ പാട്ട്, നിത്യജീവിത കാഴ്ചകളിലൂടെ പ്രേക്ഷകനിൽ ഗൃഹാതുരത ഉണർത്തുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. പുത്തൻ യുവത്വത്തിന്റെ അഭിരുചികളും പാട്ടിലുണ്ട്. എം ജയചന്ദ്രൻ ഈണം നൽകിയ പാട്ടിന് വരികൾ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. മനോഹരമായ ഈ പാട്ട് പ്രേക്ഷകരിലേക്ക് എത്തിച്ചത് പി ജയചന്ദ്രനും ബെന്നി ദയാലും ചേർന്നാണ്. ഒരേ സമയം രണ്ട് ആസ്വാദന തലത്തിലേക്ക് ആണ് ഈ പാട്ട് പ്രേക്ഷകനെ കൂട്ടികൊണ്ട് പോകുന്നത്. ഒക്ടോബർ 27 ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
സൗണ്ട് ഡിസൈനറും ഓസ്കാർ ജേതാവുമായ റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒറ്റ' യിൽ മലയാളം - തമിഴ് - കന്നഡ സിനിമകളിലെ മുൻനിരതാരങ്ങളും അണിനിരക്കുന്നു. പ്രധാന വേഷം ചെയ്യുന്ന ആസിഫ് അലിയെ കൂടാതെ അർജുൻ അശോകൻ, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ , മേജർ രവി, സുരേഷ് കുമാർ, ശ്യാമ പ്രസാദ്, സുധീർ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന , ലെന, മംമ്ത മോഹൻദാസ്, ജലജ, ദേവി നായർ തുടങ്ങി നിരവധി താരങ്ങൾ എത്തുന്നു.
ചിത്രത്തിന്റെ നിർമ്മാതാവ് എസ്.ഹരിഹരന്റെ യഥാർത്ഥ ജീവിതത്തിൽ നിന്നെടുത്ത ഓർമ്മകളിലൂടെയാണ് കഥയുടെ സഞ്ചാരം. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം റസൂൽ പൂക്കുട്ടിയുടെ ഏറെ കാലത്തെ സ്വപ്നസാഫല്യം കൂടിയാണ്. ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപി യും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന " ഒറ്റ" യുടെ നിർമ്മാതാവ് എസ് ഹരിഹരനാണ്. കിരൺ പ്രഭാകറിന്റേതാണ് കഥ.
രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമാണ് ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന 'ഒറ്റ' എന്ന ചിത്രത്തിലൂടെ പറയുന്നത്. മാതാപിതാക്കളുമായുള്ള തർക്കത്തിനെ തുടർന്ന്, ഹരിയും ബെന്നും വീടുവിട്ട് ഒരു യാത്ര ആരംഭിക്കുന്നു, പിന്നീട് അവരുടെ ജീവിതം നിയന്ത്രണാതീതമായി പോകുന്നു. ജീവിതം വഴുതിപ്പോകുന്നു എന്ന തിരിച്ചറിവ് പിന്നീട് അവരിൽ ഉണ്ടാകുന്നു. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം പോകുന്നത്.
ഹരി എന്ന പ്രധാന കഥാ പാത്രമായി ആസിഫ് അലിയും ബെൻ ആയി അർജുൻ അശോകനും, രാജുവായി ഇന്ദ്രജിത്തുമാണ് ചിത്രത്തിലെത്തുന്നത്. പാട്ടുകൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് സംഗീതമൊരുക്കുന്നത് എം.ജയചന്ദ്രനാണ്. അഞ്ചു പാട്ടുകളാണ് ചിത്രത്തിൽ ഉള്ളത്. വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവർ ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. എം. ജയചന്ദ്രൻ, പി ജയചന്ദ്രൻ, ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, ജാസി ഗിഫ്റ്റ്,ബെന്നി ദയാൽ, അൽഫോൻസ് തുടങ്ങിയ പ്രമുഖ ഗായകരാണ് ഒറ്റയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. അരുൺ വർമ്മയാണ് "ഒറ്റ"യുടെ ഛായാഗ്രാഹകൻ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ കുമാർ ഭാസ്കർ. ഒറ്റയുടെ സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടി, വിജയകുമാർ എന്നിവർ ചേർന്നാണ്.എഡിറ്റർ സിയാൻ ശ്രീകാന്ത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അരോമ മോഹൻ,വി.ശേഖർ. പ്രൊഡക്ഷൻ ഡിസൈനർ സിറിൽ കുരുവിള, സൗണ്ട് മിക്സ് കൃഷ്ണനുണ്ണി കെ ജെ,ബിബിൻ ദേവ്. ആക്ഷൻ കൊറിയോഗ്രാഫർ ഫീനിക്സ് പ്രഭു, കോസ്റ്റ്യൂം റിതിമ പാണ്ഡെ. മേക്കപ്പ്- രതീഷ് അമ്പാടി. പ്രൊഡക്ഷൻ മാനേജർ ഹസ്മീർ നേമം. സ്റ്റിൽസ് -സലീഷ് പെരിങ്ങോട്ടുകര. മുരളി മുംബൈ, പ്രശാന്ത് കൊച്ചി എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനേഴ്‌സ്. കളറിസ്റ് ലിജു പ്രഭാകർ. അസോസിയേറ്റ് ഡയറക്ടേഴ്സ് ബോസ് വാസുദേവൻ,ഉദയ് ശങ്കരൻ.പി.ആർ.ഒ. മഞ്ജു ഗോപിനാഥ്. സെഞ്ച്വറി ഫിലിംസാണ് ഈ റസൂൽ പൂക്കുട്ടി ചിത്രം"ഒറ്റ "കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്.
Content Highlights: Peyneer Poley, otta movie song have been released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..